Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congo

ആഫ്രിക്കയിലെ അതിശയ വാനരൻ; കോംഗോയിൽനിന്ന് പുതിയ കുരങ്ങുവർഗം..!

ശാ​സ്ത്രം തി​രി​ച്ച​റി​യു​ന്ന​തി​നു മു​ൻ​പുത​ന്നെ; ഒരുപക്ഷേ നാമാവശേഷമാകാൻ സാധ്യതയുള്ള, അപൂർവജീവിവർഗം! ആഫ്രിക്കയിലെ ലൊ​മാ​മി, കോം​ഗോ ന​ദി​ക​ൾ​ക്കി​ട​യി​ലെ ഉ​ൾ​ക്കാ​ടു​ക​ളി​ലാണ് ഇവയുടെ വാസം! വംശമറ്റുപോകാൻ സാ​ധ്യ​ത​യു​ള്ള അ​പൂ​ർവ ജീ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ർമ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാണ് ഈ വാനരകുടുംബത്തിന്‍റെ കണ്ടെത്തലെന്നു ശാസ്ത്രജ്ഞർ പറയുന്നു.

വിസ്മയങ്ങളുടെ മഹാഭൂഖണ്ഡമായ ആ​ഫ്രി​ക്കയിലെ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യുടെ നിബിഡ​വന​ങ്ങ​ളിലാണ് അപൂർവ വാനരകുടുംബത്തെ കണ്ടെത്തിയത്. ശാസ്ത്രലോകത്തിന് അദ്ഭുതമായി മാറിയ കണ്ടെത്തൽ അഫ്രിക്കയിൽ ഇതാദ്യമല്ല. 75 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ഫ്രി​ക്ക​യി​ൽനി​ന്നു ക​ണ്ടെ​ത്തിയ അ​ഞ്ചാ​മ​ത്തെ കു​ര​ങ്ങു​വ​ർഗമാണിത്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ധു​നി​ക പ്രൈ​മേ​റ്റ് ശാ​സ്ത്രശാ​ഖ​യി​ലെ ഏ​റ്റ​വും അ​പൂ​ർ​വ​മാ​യൊ​രു സം​ഭ​വ​മാ​യാ​ണ് ഗ​വേ​ഷ​ക​ർ ​ക​ണ്ടെ​ത്ത​ലി​നെ വി​ല​യി​രു​ത്തു​ന്ന​ത്.

കൊ​ളൊ​ബ​സ് കോം​ഗോ​യെ​ൻ​സി​സ്
അന്താരാഷ്‌ട്ര ശാസ്ത്ര ജേണലിലാണു പു​തി​യ ജീവിവർഗത്തിന്‍റെ കണ്ടെത്തലുമായി ബന്ധപ്പെട്ട വിശദലേഖനം ഉൾപ്പെടുത്തിയിട്ടുള്ളത്. കൊളൊ​ബ​സ് കോം​ഗോ​യെ​ൻ​സി​സ് (Colobus congoensis) എ​ന്നാ​ണു ശാസ്ത്രജ്ഞർ ഈ വാനരകുടുംബത്തിനു പേരിട്ടിരിക്കുന്നത്. എ​ന്നാ​ൽ പ്രാ​ദേ​ശി​ക​വാ​സി​ക​ൾ​ ​കു​ര​ങ്ങനെ, ലി​വേ​ലി എ​ന്നാണു വിളിക്കുന്നത്. ഫ്ലോ​റി​ഡ അ​റ്റ്ലാ​ന്‍റിക് യൂ​ണി​വേ​ഴ്സി​റ്റി, ലു​ക്കൂ​രു വൈ​ൽ​ഡ്‌​ലൈ​ഫ് റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ, യേ​ൽ യൂ​ണി​വേ​ഴ്സി​റ്റി, സി​റ്റി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ന്യൂ​യോ​ർ​ക്ക്, ലൊ​മാ​മി നാ​ഷ​ണ​ൽ പാ​ർ​ക്ക്, ഫ്രാ​ങ്ക്ഫ​ർ​ട്ട് സു​വോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്താ​രാ​ഷ്ട്ര ശാ​സ്ത്ര​ജ്ഞ​രു​ടെ സം​ഘ​മാ​ണു സുപ്രധാന ക​ണ്ടെ​ത്ത​ലി​നുപി​ന്നി​ൽ. കി​ഴ​ക്ക​ൻ മ​ധ്യ കോം​ഗോ​യി​ലെ ലൊ​മാ​മി, കോം​ഗോ ന​ദി​ക​ൾ​ക്കി​ട​യി​ലു​ള്ള ഉ​ൾ​ക്കാ​ടു​ക​ളി​ൽനി​ന്നാണു ​പു​തി​യ ജീ​വി​യെ ക​ണ്ടെ​ത്തി​യ​ത്.

മ​റ്റ് കൊ​ളൊ​ബ​സ് കു​ര​ങ്ങു​ക​ളി​ൽനി​ന്ന് ഇ​തി​നെ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന നിരവധിഘടകങ്ങളുണ്ട്. തി​ള​ങ്ങു​ന്ന ക​റു​ത്ത രോ​മ​ങ്ങളുള്ള ഇ​വ​യു​ടെ മു​ഖ​ത്തി​നു ചു​റ്റും ആ​ക​ർ​ഷ​ക​മാ​യ ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ഒ​രു പാ​ടു​ണ്ട്. നീ​ള​മു​ള്ള വാ​ലും തി​ള​ങ്ങു​ന്ന രോ​മ​ങ്ങ​ളു​മാ​ണു മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഏ​ക​ദേ​ശം ഏഴു കി​ലോ​ഗ്രാ​മോ​ളം തൂ​ക്ക​മു​ണ്ടാകും. ഇ​വ​യുമായി സാമ്യംതോന്നുന്ന മ​റ്റു വർഗങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇവയ്ക്കു വ​ലി​പ്പം കു​റവാണ്. മ​ട​ങ്ങി​യ വലിയ ചെ​വി​ക​ളും വാ​ലിന്‍റെ ഭാ​ഗ​ത്തു​ള്ള അ​ട​യാ​ള​ങ്ങ​ളും ഇ​വ​യെ മ​റ്റു​ള്ള​വ​യി​ൽനി​ന്നു വേ​റി​ട്ടുനി​ർ​ത്തു​ന്നു. ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യു​ടെ പേ​രു നേ​രി​ട്ടു ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ പ്രൈ​മേ​റ്റ് വ​ർഗ​മാ​ണി​ത്.

16 വ​ർ​ഷത്തെ അ​ന്വേ​ഷ​ണം
2008-ൽ ​കോം​ഗോ ഉ​ൾക്കാടുകളിൽനിന്നു ഗ​വേ​ഷ​ക​ർ​ക്കു ല​ഭി​ച്ച മ​ങ്ങി​യ ചി​ത്ര​ത്തി​ൽനി​ന്നാ​ണ് ​അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ തു​ട​ക്കം. എ​ന്നാ​ൽ, കുരങ്ങന്‍റെ വ്യ​ക്ത​മായ ചി​ത്രം ല​ഭി​ക്കാ​ൻ ശാ​സ്ത്ര​ജ്ഞ​ർ​ക്കു പിന്നെയും പ​ത്തുവ​ർ​ഷം കൂ​ടി കാ​ത്തി​രി​ക്കേ​ണ്ടിവ​ന്നു. 2018-ൽ ​ല​ഭി​ച്ച ​ര​ണ്ടാ​മ​ത്തെ വ്യ​ക്ത​മാ​യ ചിത്രത്തിനുശേ​ഷ​മാ​ണു ജ​നി​ത​ക പ​രി​ശോ​ധ​ന, അ​സ്ഥി​കൂ​ട​ങ്ങ​ളു​ടെ താ​ര​ത​മ്യം, ഇ​വ​യു​ടെ ശ​ബ്ദ​ങ്ങ​ളു​ടെ റെ​ക്കോ​ർ​ഡിം​ഗു​ക​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള ആ​ഴ​ത്തി​ലു​ള്ള ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ങ്ങ​ളി​ലേ​ക്കു സം​ഘം ക​ട​ന്ന​ത്.

​ജ​നി​ത​ക പ​രി​ശോ​ധ​ന​യിൽ ഗവേഷകരെ ഞെട്ടിക്കുന്ന വസ്തുതകളാണു പുറത്തുവന്നത്. ഈ ​വാനരകുടുംബത്തിന്‍റെ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​വാ​യ കൊ​ളൊ​ബ​സ് സ​റ്റന​സ് ജീ​വി​ക്കു​ന്ന​ത് ഇ​വി​ടെ നി​ന്ന് 1200 കി​ലോ​മീ​റ്റ​റി​ല​ധി​കം അ​ക​ലെയുള്ള പ​ശ്ചി​മ മ​ധ്യ ആ​ഫ്രി​ക്ക​യി​ലാ​ണ്. എ​ന്നി​രു​ന്നാ​ലും, ഈ ​ര​ണ്ടു വ​ർഗ​ങ്ങ​ളും ഏ​ക​ദേ​ശം നാലു മു​ത​ൽ അഞ്ചു ദ​ശ​ല​ക്ഷം വ​ർ​ഷങ്ങൾ​ക്കു മു​ൻ​പ് ജീ​വി​ച്ചി​രു​ന്ന ഒ​രേ​യൊ​രു പൂ​ർ​വി​ക​നി​ൽനിന്നാണു വേ​ർ​പി​രി​ഞ്ഞ​തെ​ന്നു ജ​നി​ത​ക പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. കൊളൊ​ബ​സ് കു​ടും​ബവൃക്ഷത്തിലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ വേ​ർ​പി​രി​യ​ലു​ക​ളി​ൽ ഒ​ന്നാ​ണി​ത്.

ക​ടു​ത്ത വം​ശ​നാ​ശ ഭീ​ഷ​ണി​യി​ൽ
വ​ള​രെ കു​റ​ഞ്ഞ എ​ണ്ണം മാ​ത്ര​മു​ള്ള ഈ ​ജീ​വി​വ​ർ​ഗം ക​ടു​ത്ത വം​ശ​നാ​ശ ഭീ​ഷ​ണി​യി​ലാ​ണ്. 2018-നും 2022-​നും ഇ​ട​യി​ൽ കേ​വ​ലം 114 ത​വ​ണ മാ​ത്ര​മാ​ണ് ശാ​സ്ത്ര​ജ്ഞ​ർ​ക്ക് ഇ​വ​യെ കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. വെ​റും 1,700 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ലു​ള്ള ചെ​റി​യ പ്ര​ദേ​ശ​ത്തു മാ​ത്ര​മാ​ണ് ഇ​വ ജീ​വി​ക്കു​ന്ന​ത്. ചു​റ്റു​മു​ള്ള ന​ദി​ക​ളും കാ​ടു​ക​ളും ഇ​വ​യെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു ഒ​റ്റ​പ്പെ​ടു​ത്തി നി​ർ​ത്തി​യി​രി​ക്കുന്നു.

ചെ​റി​യ വാ​സ​സ്ഥ​ലം, കു​റ​ഞ്ഞ എണ്ണം, വനനശീകരണം, വേ​ട്ട​യാ​ട​ൽ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​പു​തി​യ കു​ര​ങ്ങു​വ​ർ​ഗ​ത്തെ ഐ​യു​സി​എ​ൻ റെ​ഡ് ലി​സ്റ്റി​ൽ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​യു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഗ​വേ​ഷ​ക​ർ ശി​പാ​ർ​ശ ചെയ്തു. ഇ​വ​യു​ടെ ഭൂ​രി​ഭാ​ഗം വാ​സ​സ്ഥ​ല​ങ്ങ​ളും ലൊ​മാ​മി നാ​ഷ​ണ​ൽ പാ​ർ​ക്കി​നു​ള്ളി​ലാ​യ​തി​നാ​ൽ, ​പാ​ർ​ക്കി​ന്‍റെ സം​ര​ക്ഷ​ണം ഈ ​അ​പൂ​ർവജീ​വി​ക​ളു​ടെ നി​ല​നി​ൽ​പ്പി​നു നി​ർ​ണാ​യ​ക​മാ​കും.

Latest News

Corehub Up